Wednesday, December 16, 2015

ഒരു തീവണ്ടി യാത്ര


തമിഴ് നാട്ടില്‍ താമസിക്കാത്തത് കൊണ്ടും ചപ്പാത്തി തിന്നാത്തത് കൊണ്ടും എന്തോ ഹിന്ദി എനിക്ക് അറിയാന്‍ പാടില്ലായിരുന്നു. എങ്കിലും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയില്‍ എതിര്‍ സീറ്റിലിരുന്നിരുന്ന ഹിന്ദി സുന്ദരി എന്നെ ഹഠാതാകര്‍ഷിച്ചു. അത് കൊണ്ട് എര്‍ണാളം എത്തിയത് അറിഞ്ഞത് തന്നെ കൊച്ചിയുടെ മണമടിച്ചാണ്. അങ്ങിനെ യാത്ര തുടര്‍ന്നു. എന്റെ അടുത്ത് പുതിയൊരാള്‍ വന്നിരുന്നു. തൊട്ട് മുന്നിലിരിക്കുന്ന ഹിന്ദിക്കാരി അനിയനോട് എന്തൊക്കെയോ സംസാരിക്കുന്നു ചിരിക്കുന്നു പക്ഷേ എനിക്കൊന്നും മനസ്സില്ലായില്ല. ചപ്പാത്തി തിന്നാത്തതില്‍ അന്നാദ്യമായി ജീവിതത്തോട് കടുത്ത നീരസവും വിരക്തിയും തോന്നി. ഗോതമ്പിന്റെ നിറമുള്ള ആ കൊച്ചു സുന്ദരി പറയുന്നത് മനസ്സ്സിലാക്കാ‍നെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരു മാത്ര വെറുതേ നിനച്ച് പോയി!

എന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ കയ്യില്‍ ഹിന്ദി അക്ഷരമാലകള്‍ അച്ചടിച്ച പുസ്തകം കണ്ടപ്പോള്‍ എനിക്കാവേശമായി. അയാള്‍ക്ക് ഹിന്ദി അറിയാമായിരിക്കും എന്നൊരു കുളിരു എന്നിലൂടെ അരിച്ചിറങ്ങി. ആകാംക്ഷ ഉള്ളിലൊളിപ്പിച്ച് വെക്കാതെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു,

 “ഹിന്ദി അറിയും അല്ലേ?”

അയാള്‍ ഒരു ഹിന്ദി മുന്‍ഷിയെപ്പോലെ തലയാട്ടി. എനിക്കാശ്വാസമായി.ഞാന്‍ അയാളോട് കാര്യം പറഞ്ഞു, എതിരെ ഇരിക്കുന്ന സുന്ദരി ഏറെ നേരമായി എന്നെ നോക്കി ചിരിക്കുന്നു, എന്തൊക്കെയോ അനിയനോട് പറയുന്നു. അവനും ചിരിക്കാന്‍ കോറസ്സാകുന്നു. ഈ ഭയാനകമായ അവസ്ഥയില്‍ നിന്നും എന്നെയൊന്ന് കരകയറ്റീടേണം!

“ഓ അത്രേ ഉള്ളോ കാര്യം!ഇനി അവര്‍ സംസാരിച്ചാല്‍ അപ്പോള്‍ ഞാന്‍ നിനാക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്ത് തരാം ഓക്കെ”!

 ബല്യ പെരുന്നാളറിയിച്ച് മാനത്ത് അമ്പിളി കണ്ടപോലെ ഒരു സാന്തോഷം എനിക്കുണ്ടായി. പക്ഷേ എന്നെ നിരാശനാക്കിക്കൊണ്ട് ആ ഹിന്ദിക്കാരി കുറേ നേരം മിണ്ടാതിരുന്നു. ഹിന്ദി അറിയുന്ന ഒരാളെ കിട്ടിയപ്പോള്‍ ഈ പഹയത്തി മിണ്ടുന്നുമില്ലല്ലോ എന്ന് സങ്കടപ്പെട്ട് ഞാന്‍ അവളുടെ ചുണ്ട് അനങ്ങുന്നത് തന്നെ നോക്കി ഇരിക്കുകയായിരുന്നു. സഹികെട്ടെന്നോണം അവള്‍ ആ ചെറുക്കനെ തോണ്ടിക്കൊണ്ട് പറഞ്ഞു,

 “‘യേ ബുദ്ധു മേരാ ചെഹ്രാ സേ ആങ്ക് ഉടാത്താ നഹീ”

അത് കേട്ട് ആ പയ്യനും എന്നെ തുറിച്ച് നോക്കി, ഞാന്‍ ഉടനെ ട്രാന്‍സ്പോര്‍ട്ട് ചേട്ടനെ തുറിച്ച് നോക്കി. ഉടനെ അയാള്‍ പറഞ്ഞു,

”അതവര് ഒരു നാടന്‍ ചൊല്ല് പറഞ്ഞതാ അതായത് വളരെ ബുദ്ധിമുട്ടാണ് ചേരയെ തിന്നുന്ന നാട്ടില്‍ ചെന്ന് നടുക്കണ്ടം തിന്നാനെന്ന്!’

 എനിക്കാശ്വാസമായി. എന്നെ പറ്റി ഒന്നും പറഞ്ഞില്ല. വീണ്ടും ഞാന്‍ ജാഗരൂകനായി കര്‍മ്മത്തില്‍ മുഴുകി അപ്പോള്‍ അവള്‍ വീണ്ടും,

“യേ പാകല്‍ ദൂസരി സേ ദോസ്തി ബന്‍ ഗയാ! ഉല്ലൂ‍ “

വീണ്ടും ഞാന്‍ അയാളെ നോക്കി

“ അതായത് പകല്‍ സമയത്ത് ബെംഗാളികള്‍ ദൂസര ഉപയോഗിച്ചാണു പുല്ല് ചെത്തുന്നത്!”

 ഹോ അതിലും എനിക്കെതിരെ പരാമര്‍ശമില്ല എന്നാശ്വസിച്ചിരിക്കുമ്പോള്‍ അവള്‍ എന്നോട് നേരിട്ട് സംവദിച്ചു,

“ ഇസ്കെ പഹലെ ലഡ്കി കോ ദിക്താ നഹി?”

ഞാന്‍ പതിവ് പോലെ ട്രാന്‍സ്പോര്‍ട്ടറെ നോക്കി.

“ എടോ ഇതിന് മുന്‍പ് താന്‍ ലഡാക്കിലേക്ക് പോയിട്ടില്ലേ എന്ന്!“

“ഞാന്‍ പോയിട്ടില്ല”

“എന്നാല്‍ നഹി നഹി എന്ന് പറഞ്ഞോ”

ഞാന്‍ പിന്നെ ഒട്ടും ആലോചിച്ചില്ല അവളുടെ മുഖത്ത് നോക്കി

“എന്നാല്‍ നഹി നഹി” എന്ന് പറഞ്ഞു. അതിന് ശേഷം അവള്‍ വേറെ ഒന്നും ചോദിച്ചില്ല. പിന്നെ അവള്‍ പിറു പിറുക്കുകയായിരുന്നു. കേട്ടിട്ട് നല്ല കാര്യങ്ങളല്ല പറയുന്നത് എന്ന് ഞാന്‍ ഊഹിച്ചു.

വണ്ടി കൊല്ലത്തെത്തിയതും എന്റെ സഹയാത്രികന്‍ ഏതോ ഹിന്ദിക്കാരന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാനുണ്ടെന്നും പറഞ്ഞ് അവിടെ ഇറങ്ങി.ഇതെല്ലാം കണ്ട് കൊണ്ട് ഇരിക്കുകയായിരുന്ന ഒരു കാര്‍ന്നോരു വന്ന് എന്നോട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു,

” എന്തിനാ ആ ഹിന്ദിക്കൊച്ച് നിങ്ങളെ ചീത്ത വിളിച്ചത്? വേറുതേ വീട്ടുകാരെയൊക്കെ ഇങ്ങനെ തെറി കേള്‍പ്പിക്കണോ?”

അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ മാത്രമല്ല അവള്‍ ലഡാക്കില്‍ പോയോ എന്നൊക്കെയാ ചോദിച്ചത് ഞാന്‍ എന്നാല്‍ നഹി നഹി എന്ന് ഉത്തരം പറയുകയും ചെയ്തു അത് കുഴപ്പായാ?

“ഹിന്ദി അറിയില്ലല്ലേ? ഇതിന് മുന്‍പ് പെണ്‍കുട്യോളെ കണ്ടിട്ടില്ലേ എന്നാണ് ചോദിച്ചത്?”

“അപ്പോ ആ ഇറങ്ങിപ്പോയ ചേട്ടന്‍ പറഞ്ഞത് ലഡാക്കില്‍ പോയിട്ടുണ്ടോ എന്നാണല്ലോ!”

“ഹ ഹ അയാളെ മനസ്സിലായില്ലേ? അങ്ങേരുടെ ഹിന്ദി അങ്ങിനെയാ!”

അയാളാരാണെന്നോ എന്താണെന്നോ ഞാന്‍ അന്വേഷിക്കാന്‍ നിന്നില്ല. പതുക്കെ അടുത്ത ബോഗിയില്‍ സീറ്റുണ്ടോ എന്നന്വേഷിച്ചു ആ ഹിന്ദി പെണ്‍കുട്ടിയെ വെറുത്ത് ശപിച്ച് ഞാന്‍ അവിടന്ന് സ്ഥലം കാലിയാ‍ക്കി. അല്ലെങ്കിലും ഈ ഹിന്ദി പെണ്ണുങ്ങളൊക്കെ ഒരുമാതിരി ബോറ് പെണ്ണുങ്ങളാ...ഹല്ല പിന്നെ!
----------------------------------------------------
കിട്ടാത്ത മുന്തിരി ഏറെ ഉയരത്തായിരിക്കും!

10 comments:

വാഴക്കോടന്‍ ‍// vazhakodan said...

വെറുതെ വെറും വെറുതെ!!!

വീകെ said...

ഹിന്ദി അറിഞ്ഞൂടാ ല്ലെ....?
പാവം മദ്രാസി.....!

വീകെ said...
This comment has been removed by the author.
ഷെരീഫ് കൊട്ടാരക്കര said...

എന്തിനാ വാഴേ! ആ പാവം ഉള്ളി സുരയെ ഊതുന്നത്...

ajith said...

അച്ചാ അച്ചാ

Sabu Kottotty said...

അതിലും ബല്യ തർജ്ജമ കഴിഞ്ഞ ദിവസം നടന്നതറിഞ്ഞില്ലേ കോയാ...? അപ്പൊ സമാധാനിക്കാനുള്ള വകുപ്പുണ്ടല്ലോ..!!

UNAIS K said...

ഹഹ നല്ല തര്‍ജമ. ചിരിക്കാന്‍ തോന്നുന്നു.ഏതായാലും ഹിന്ദി അറിയാത്തത് നന്നായി

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.ഇങ്ങനേം തർജ്ജമയോ?

(അതായത് പകല്‍ സമയത്ത് ബെംഗാളികള്‍ ദൂസര ഉപയോഗിച്ചാണു പുല്ല് ചെത്തുന്നത്!”)


ഹാ ഹാ ഹാ.സമ്മതിയ്ക്കണം.ഉറക്കെ ചിരിച്ച്‌ പോയി.അതെന്നാ സാധനമാ ഈ ദൂസരാ????

Anshad said...

തർജ്ജമ ചെയ്ത് തന്ന ആളെ മനസ്സിലായി. :-)

Areekkodan | അരീക്കോടന്‍ said...

ഒരു വാഴക്കോടൻ തര്ജ്ജമ. എന്നാ പറ്റിയ തലക്കെട്ട്...

 


Copyright http://www.vazhakkodan.com